കാഠ്മണ്ഡു: നേപ്പാള്‍-ടിബറ്റ് അതിര്‍ത്തിമേഖലയിലുണ്ടായ വിനാശകരമായ മിന്നല്‍പ്രളയത്തിനു കാരണം വന്‍ ഹിമാനി തകര്ന്നുവീണതാകാമെന്ന് ഭൗമശാസ്ത്രജ്ഞര്‍. പ്ലാനറ്റ് ലാബ്സില്‍നിന്നുള്ള ഉപഗ്രഹചിത്രങ്ങള്‍ പരിശോധിച്ചാണ് വിദഗ്ധര്‍ ഈ നിഗമനത്തിലെത്തിയത്.
ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പ്രകാരം, സമുദ്രനിരപ്പില്‍നിന്ന് ഏകദേശം 5,200 മീറ്റര്‍ ഉയരത്തിലുണ്ടായിരുന്ന മഞ്ഞുമലയുടെ താഴത്തെ ഭാഗം ഇടിഞ്ഞ് 1,200 മീറ്റര്‍ താഴ്ചയിലുള്ള താഴ്വരയിലേക്ക് പതിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ കൂറ്റന്‍ ഹിമപാറ ഹിമപാതം ഭോട്ടെ കോശി, ത്രിശൂലി നദീതടങ്ങളിലേക്ക് വന്‍തോതില്‍ വെള്ളവും ചെളിയും പാറക്കല്ലുകളും ഒഴുക്കിവിട്ടു. ദുരന്തത്തിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ഉയര്‍ന്ന താപനില കാരണം വലിയതോതില്‍ മഞ്ഞുരുകിയിരുന്നതായും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ദുരന്തത്തിന് മിനിറ്റുകള്‍ക്കുമുമ്പ് മേഖലയിലുണ്ടായ നേരിയ ഭൂചലനമാണോ മഞ്ഞുമല തകരാന്‍ ഇടയാക്കിയതെന്നും കാലാവസ്ഥാ വ്യതിയാനത്തിന്റെ പങ്കും വിദഗ്ധര്‍ പരിശോധിച്ചുവരികയാണ്. മിന്നല്‍പ്രളയത്തെത്തുടര്‍ന്ന് അടിവാരപ്രദേശങ്ങളില് അരമണിക്കൂറിനുള്ളില്‍ ഒമ്പത് മീറ്ററോളം (30 അടി) ജലനിരപ്പ് ഉയര്‍ന്നതായാണു റിപ്പോര്‍ട്ട്. ദുരന്ത മേഖലയിലെ പച്ചപ്പു നിറഞ്ഞ മലനിരകള്‍ ഇപ്പോള്‍ പൂര്‍ണമായും ചെളിയും അവശിഷ്ടങ്ങളും മൂടിയ നിലയിലാണ്.